കെ.എസ്.ആർ.ടി.സി-ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ 9.41 കോടി രൂപ
06.10.2025-ൽ കെ.എസ്.ആർ.ടി.സി-ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ 9.41 കോടി രൂപ. കെ.എസ്.ആർ.ടി.സി ജീവനക്കാരെയും യാത്രക്കാരെയും അനുമോദിച്ച് ഗതാഗത വകുപ്പ് മന്ത്രി.
കെ.എസ്.ആർ.ടി.സി 06.10.2025-ൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം 9.41 കോടി രൂപ കൈവരിച്ചു. ഈ വർഷം തന്നെ സെപ്റ്റംബർ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച ടിക്കറ്റ് വരുമാന നേട്ടമായ 10.19 കോടി രൂപ നേടാനായത്. 06.10.2025-ന് രണ്ടാമത്തെ പ്രതിദിന ഉയർന്ന വരുമാനമായ 9.41 കോടി രൂപ നേടുവാനായി.
പരമാവധി യാത്രക്കാരെ ബസുകളിൽ കയറ്റി കളക്ഷൻ വർദ്ധിപ്പിക്കാൻ സഹകരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെയും അതിന് നേതൃത്വം നൽകിയ സി.എം.ഡി അടക്കമുള്ള ഓഫീസർമാരെയും ഉദ്യോഗസ്ഥരെയും ആത്മാർത്ഥമായി സഹകരിച്ച കെഎസ്ആർടിസി-യിലെ ട്രേഡ് യൂണിയനുകളെയും ഗതാഗത മന്ത്രി അഭിനന്ദിച്ചു.
കെ.എസ്.ആർ.ടി.സി-യെ ഉത്തമമായ യാത്രാമാർഗ്ഗമായി സ്വീകരിച്ച് യാത്രയ്ക്കായി ഉപയോഗിച്ച കേരളത്തിലെ നല്ലവരായ യാത്രക്കാർക്കും ഗതാഗത വകുപ്പ് മന്ത്രി നന്ദി അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസ്സുകൾ കൃത്യമായി ഓടിക്കുവാനും നല്ല സേവനം നൽകുവാനും യാത്രക്കാരെ ആകർഷിക്കുന്ന രീതിയിൽ ശുചിത്വത്തോടെ കൊണ്ടുനടക്കുവാനും ജീവനക്കാർ കാണിക്കുന്ന സന്മനസ്സ് അഭിനന്ദാർഹമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.