ഫോസില്‍ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണസ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ ആശയവിനിമയം നടത്തി വരികയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പന സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളിലുള്ള പഠനങ്ങള്‍ക്കായി ബഹു.ഗതാഗത വകുപ്പുമന്ത്രി ഉള്‍പ്പെടെ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ യു.കെയിലെ ബര്‍മിംഗ്ഹാംസിറ്റി യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചിരുന്നു. തുടര്‍ ആശയവിനിമയങ്ങളുടെ ഭാഗമായി ഇന്ന് (28.10.2019-ന്) മേല്‍പ്പറഞ്ഞ മേഖലയില്‍ ബര്‍മിങ്ഹാംസിറ്റി യൂണിവേഴ്‌സിറ്റി, ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ,് എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല എന്നിവ ഒരുമിച്ച് ഒരു ധാരണാപത്രം ഒപ്പുവെച്ചു.
ഗതാഗത വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും, എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയും, ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങും സംയുക്തമായി ഇ-മൊബിലിറ്റി എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് ധാരണപത്രവും ഒപ്പു വെച്ചിട്ടുള്ളത്. ശില്‍പ്പശാലയുടെ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നപ്പിലാക്കുന്നതിന്റെ ഭാഗമായി ഇത്തരം സിപോസിയവും തുടര്‍ നടപടികളും അവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, സ്റ്റാഫ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം പ്രോഗ്രാം, ട്വിന്നിങ് പ്രോഗ്രാം, ഇ-മൊബിലിറ്റി വിഷയത്തില്‍ സംയുക്ത പ്രൊജക്റ്റുകള്‍ എന്നിവയാണ് ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്വിന്നിംങ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചുകൊണ്ട് ബെര്‍മിങ്ഹാംസിറ്റി യൂണിവേഴ്‌സിറ്റിയുടെ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ ചുരുങ്ങിയ ചെലവില്‍ നേടാനുള്ള അവസരം ലഭ്യമാകും. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ബര്‍മിങ്ഹാംസിറ്റി യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുവാനും കൊളാബറേറ്റീവ് പ്രോജക്ടുകള്‍, സെമിനാറുകള്‍ ഇന്റേണ്‍ഷിപ്പ് എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. കെ.ആര്‍ ജ്യോതിലാല്‍ സ്വാഗതം ആശംസിച്ചു. ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ഡോ. കെ പ്രഭാകരന്‍ നായര്‍ ധാരണപത്രവുമായി ബന്ധപ്പെട്ട അജണ്ട വിശദീകരിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ്, ബെര്‍മിങ്ഹാം സിറ്റി യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫ.ജൂലിയന്‍ ബീര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളവുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള യു.കെയിലെ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ശ്രീ. സുജിത് തോമസ് (ബ്രിട്ടീഷ് ഹൈകമ്മീഷന്‍ പ്രതിനിധി) വിവരിച്ചു. പ്രൊഫ. എം ആര്‍ ശരത് ചന്ദ്രദാസ് നന്ദി രേഖപ്പെടുത്തി.
പൊതുമേഖലാസ്ഥാപനങ്ങളെ പ്രതിനിധികളായ ശ്രീ. ജോസഫ് വി (കെ.എസ്.ഇ.ബി), ശ്രീ. എ എം നാരായണന്‍ ( എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍), ശ്രീ. ഷാജി എം. വര്‍ഗീസ് (കെഇഎല്‍), ശ്രീ. ആര്‍ ഹേമലത (കെല്‍ട്രോണ്‍),  ശ്രീ. ചന്ദ്രശേഖര്‍ വി (സിഡാക്ക്),  ശ്രീ ഷാജഹാന്‍ അഹമ്മദ് കുഞ്ഞു(കെഎഎല്‍),  ശ്രീ. വിജയന്‍ നന്ദലന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ ബെര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്‌സിറ്റി പ്രതിനിധികളായ ഡോ. പനാഗായോടൈസ് റെന്റസെലന്‍, ഡോ. വെങ്കിടേഷ് വിജയ്, പ്രൊഫ. ചാംകൗര്‍ അത്വാല്‍, പ്രൊഫ. അലിസണ്‍ ഹോണര്‍, പ്രൊഫ. മഖാന്‍ സിംഗ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗവേഷണ സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.