ഗതാഗത വകുപ്പ്
നേട്ടങ്ങള്‍ – സംക്ഷിപ്തം

കേരള സംസ്ഥാനത്തില്‍ വാഹനങ്ങളുടെ വര്‍ദ്ധനയ്ക്ക് അനുസരിച്ച് റോഡ് വികസനം നടന്നിട്ടില്ലങ്കിലും മൊത്തം റോഡിന്റെ നീളവും സാന്ദ്രതയും ദേശീയ ശരാശരിയെക്കാളും കൂടുതലാണ്. 2005 ല്‍ 31 ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ 1 കോടിയിലേറെ വാഹനങ്ങളാണ് ഉള്ളത്. കാറുകള്‍ 5 ഇരട്ടിയായും മോട്ടോര്‍ സൈക്കിളുകള്‍ അതിലും കൂടുതല്‍ ഇരട്ടിച്ചു കൊണ്ടിരിക്കുന്നു. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയും പൊതു ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് ഗതാഗത വകുപ്പിന്റെ പ്രധാന വെല്ലുവിളി. അതോടൊപ്പം മലിനീകരണത്തിന്റെ തോത് കുറയ്ക്കേണ്ടതും പരിസ്ഥിതി സൗഹൃദപരമായ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

കുട്ടനാട്, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന ഗതാഗത സംവിധാനമായ ജലഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രയോജനപ്പെടുത്താനും ഇത് വഴി ടൂറിസം പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തേണ്ടതുണ്ട്. അതുപോലെതന്നെ പൊതു ഗതാഗത രംഗത്ത് പ്രവര്‍ത്തനം നടത്തുന്ന കെ.എസ്.ആര്‍.റ്റി.സി. യുടെ പുനരുദ്ധാരണവും ഈ സര്‍ക്കാര്‍ അങ്ങേയറ്റം അവധാനതയോടെയാണ് സമീപിക്കുന്നത്.

ഗതാഗത വകുപ്പിന്റെ കീഴില്‍ വരുന്ന മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷാ അതോറിട്ടി, കെ.എസ്.ആര്‍.റ്റി.സി., ജലഗതാഗത വകുപ്പ്, ശ്രീചിത്രാ എഞ്ചിനീയറിംഗ് കോളേജ്, കെ.റ്റി.ഡി.എഫ്.സി. എന്നിവയുടെ ഏതാനും ചില നേട്ടങ്ങള്‍ താഴെ പറയുന്നു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി

മോട്ടോര്‍ വാഹന നിയമത്തില്‍ നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭേദഗതി നിയമം ലോക് സഭ പാസ്സാക്കി കഴിഞ്ഞു. പ്രസ്തുത ഭേദഗതി നിയമത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിവേദം നല്‍കുകയുണ്ടായി. എങ്കിലും ബില്ലിലെ പല ഭേദഗതികളും സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള അധികാരങ്ങളെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിച്ചിട്ടുള്ളതിനാല്‍ നിയമ ലംഘനങ്ങള്‍ കുറയുമെന്ന് പ്രത്യാശിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്‍റ് ശക്തിപ്പെടുത്തുനതിലൂടെ ഈ മേഖലയിലുള്ള സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അപകടങ്ങള്‍ കുറയുകയും ചെയ്യും.

ഗ്രീന്‍ ട്രിബ്യൂണല്‍ വിധി

ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഗ്രീന്‍ ട്രീബൂണല്‍ വിധിക്കെതിരെ ഈ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്ത് സ്റ്റേ ഉത്തരവ് വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ വിധിയുടെ അന്തസത്ത കണക്കിലെടുത്ത് സി.എന്‍.ജി, എല്‍.എന്‍.ജി വൈദ്യുതി, സൗരോര്‍ജ്ജം തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. കെ.എസ്.ആര്‍.ടിസിയ്ക്ക് വേണ്ടി. സി.എന്‍.ജി ഉപയോഗിച്ചുള്ള ബസ്സുകള്‍ വാങ്ങുന്നതിനും ഫില്ലിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുമുള്ള നടപടി പുരോഗമിച്ചു വരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ പ്രെട്രോ നെറ്റ,് ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ എല്‍.എന്‍.ജി ബസ്സിന്റെ പരീക്ഷണ ഓട്ടം 2016 നവംബര്‍ 8-ാം തീയതി തിരുവനന്തപുരത്ത് നടന്ന രാജ്യത്തെ ഗതാഗത വകുപ്പ് മന്ത്രിമാരുടെ ഗോം (ഏീങ) കോണ്‍ഫ്രറന്‍സിനോടനുബന്ധിച്ച് നടത്തുകയുണ്ടായി.

ഗോം(GoM)

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ രൂപികരിച്ച ഗതാഗത വകുപ്പു മന്ത്രിമാരുടെ കൂട്ടായ്മമായ ഗോം (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ്) യോഗത്തിന് തിരുവനന്തപുരത്ത് 2016 നവംബര്‍ 8-ാം തീയതി സംസ്ഥാന ഗതാഗത വകുപ്പ് ആതിഥ്യം വഹിക്കുകയുണ്ടായി ഗതാഗത മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി യോഗത്തോടനുബന്ധിച്ച് എല്‍.എന്‍.ജി.ബസ്, സി.എന്‍.ജി ബസ,് സോളാര്‍ ഓട്ടോറിക്ഷ ഇലക്റ്റ്രിക്‍ വാഹനം തുടങ്ങിയവ ഓടിക്കുകയുണ്ടായി.

കേന്ദ്ര നിയമങ്ങള്‍

കേന്ദ്ര റോഡ് സേഫ്റ്റി ബില്ലിലെ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതും ഇന്ത്യന്‍ ഫെഡറലിസത്തിനുതന്നെ അപകടകരമായതുമായ വ്യവസ്ഥകള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ ശക്തമായ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍മൂലം റോഡ് സേഫ്റ്റി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പേണ്ടതില്ലന്ന് തീരുമാനിച്ചതായി അറിയുന്നു. മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലെ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ്
പുതിയ ഓഫീസുകള്‍

പുതിയതായി രൂപികരിച്ച താലൂക്കുകളില്‍ സബ് ആര്‍.ടി ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് സ്ഥലങ്ങളിലാണ് പ്രസ്തുത ഓഫീസുകള്‍ സ്ഥാപിക്കുന്നത്.

വാഹന പരിശോധന

അമിത വേഗത നിയന്ത്രിക്കുന്നതിനായി സ്റ്റേജ് ഗ്യാരേജിലും ഹെവി വാഹനങ്ങളിലും സ്കൂള്‍ വാഹനങ്ങളിലും ടിപ്പര്‍ വാഹനങ്ങളലും സ്പീഡ് ഗവര്‍ണര്‍ നിര്‍ബദ്ധമാക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനമുള്ള ഇന്റെര്‍സെപ്റ്ററുകള്‍ ഉപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത കണ്ടു പിടിച്ച് പിഴ ഈടാക്കുന്നു. നാറ്റ് പാക്കിന്റെ സഹായത്തോടെ വാഹനാപകടങ്ങളുടെ സാന്ദ്രത കൂടിയ 355 ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെയുള്ള മറ്റ് വകുപ്പുകളുടെ സഹായത്തോടുകൂടി തിരുത്തലുകള്‍ സ്വീകരിച്ചു വരുന്നു. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലന പരിപാടികളും നടത്തി വരുന്നു.

31 റൂട്ടുകളുടെ ദേശസാത്കരണം

ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന ചട്ടങ്ങളിള്‍ ഭേദഗതി വരുത്തുകയുണ്ടായി. ഈയൊരു തീരുമാനത്തെത്തുടര്‍ന്ന് 31 റൂട്ടുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടിസിയ്ക്ക് വേണ്ടി ഏറ്റെടുത്തിട്ടുള്ള 241 ഹയര്‍ സെര്‍വീസുകള്‍ക്ക് വേണ്ടി കുടുതല്‍ സെര്‍വീസുകള്‍ ആരംഭിച്ച് വരുമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

ഹോണ്‍ ഒഴിവാക്കല്‍ ദിനം

അന്തര്‍ദേശിയ ശബ്ദമലിനീകരണ അവബോധന ദിനത്തിന്റെ ഭാഗമായി 2017 ഏപ്രില്‍ 26-ാം തീയതി ഹോണ്‍ മുഴക്കുന്നത് ഒഴിവാക്കുന്ന ദിനമായി ആചരിക്കുകയുണ്ടായി. ബോധ വത്കരണത്തോടൊപ്പം അമിത ശബ്ദത്തോടെയുള്ള ഹോണ്‍ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍ പിടികൂടുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

റോഡ് സുരക്ഷയ്ക്കായി ഒരു ദശകം

ലോകാരോഗ്യ സംഘടന ആസൂത്രണം ചെയ്ത പ്രസ്തുത പരിപാടിയുടെ ഭാഗമായി കേരള റോഡ് സുരക്ഷ അതോറിട്ടിയുടെ ധന സഹായത്തോടെ ബോധവത്കരണ പരിപാടി നടന്നു വരുന്നു.

നികുതി പിരിവ് ഊര്‍ജ്ജിതമാക്കല്‍

നികുതി കുടിശ്ശിക വരുത്തിയതിന് മോട്ടോര്‍ വാഹന വകുപ്പോ, പോലീസോ പിടിച്ചെടുത്ത വാഹനങ്ങള്‍ നികുതി അടച്ചിട്ടില്ലെങ്കില്‍ അത് സര്‍ക്കാരിലേയ്ക്ക് മുതല്‍ക്കൂട്ടുന്നതിനായി നിയമ ഭേദഗതി ചെയ്തിട്ടുണ്ട്. കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ബുധനാഴ്ചകള്‍ ടാക്സേഷന്‍ ജോലികള്‍ക്കു മാത്രമായി മാറ്റിവച്ച് ഡിമാന്‍റ് നോട്ടീസ് അയക്കുക, റവന്യൂ റിക്കവറി നടപടികള്‍ എടുക്കുക, നികുതി അടയ്ക്കാതെ റോഡില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുക തുടങ്ങിയ ജോലികള്‍ ചെയ്തവരുന്നതിനാല്‍ റിക്കവറി നടപടികള്‍ ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

ഹരിത നികുതി / പുക പരിശോധന

15 വര്‍ഷം കഴിഞ്ഞ നോണ്‍ റ്റ്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്കും 10 വര്‍ഷം കഴിഞ്ഞ റ്റ്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്കും ഹരിത നികുതി ഈടാക്കി വരുന്നു. പരിസ്ഥിതി മലിനീകരണം തടയുന്നതിന് ഇതും ഒരു ഉപാധിയാണ്. പുക പരിശോധ കേന്ദ്രങ്ങളെ ഇന്‍റര്‍നെറ്റ് വഴി ഏകോപിപ്പിച്ച് കേന്ദ്രീകൃത പുക പരിശോധന നിരീക്ഷണ സംവിധാനം സജ്ജമാക്കുന്നതാണ്.

ഓണ്‍ലൈന്‍ സേവനം / ഫ്രണ്ട്സ്

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തി വരുന്നു. അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഇന്റെര്‍നെറ്റ് വഴി നടപ്പിലാക്കുന്നത് പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാണ്. ലൈസന്‍സ് പോലുള്ള കാര്യങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡ് രീതിയിലാക്കുന്ന പദ്ധതി പുരോഗമിച്ചു വരുന്നു. ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനം പുനരാരംഭിച്ചു.

സമാന്തര സെര്‍വീസുകള്‍ക്കെതിരെ നടപടി

നിയമ വിരുദ്ധമായി സെര്‍വീസ് നടത്തുന്ന സമാന്തര സെര്‍വീസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. 2017 ല്‍ തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ സമാന്തര സെര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും 46 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 73,000 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 14.02.2017 – ന് രാത്രിയില്‍ തിരുവനന്തപുരം സിറ്റിയില്‍ നിന്നും ബാഗ്ലൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് അനധികൃത സെര്‍വീസ് നടത്തിയ 9 വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുകയും 41,200 രൂപ പിഴയായി ഈടാക്കുകയും 98,700 രൂപ ടാക്സ് ഇനത്തില്‍ പിരിച്ചെടുക്കുകയും ചെയ്തു.

നിരീക്ഷണ ക്യാമറ സംവിധാനം

അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ചേര്‍ത്തല മുതല്‍ മഞ്ചേശ്വരം വരെ നാഷണല്‍ ഹൈവേയിലും കണ്ണുര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, കൊല്ലം ജില്ലയിലെ തെരഞ്ഞുടുക്കപ്പെട്ട സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. നാളിതുവരെ ഏകദേശം 14 കോടി രൂപ പിഴയിനത്തില്‍ ലഭിക്കുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന പരിശോധന

സംസ്ഥാനത്ത് സ്കൂള്‍ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ എല്ലാ ഓഫീസ് മേധാവികളും തങ്ങളുടെ അധികാര പരിധിയിലുള്ള സ്കൂള്‍ ബസുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് റിപ്പോര്‍ട് നല്‍കുന്നതിനായി 04.01.2017 ല്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. 19.10.2016 വരെയുള്ള രണ്ടാഴ്ച കാലയളവില്‍ 8,334 സ്കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു. 448 വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും 34,800 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുന്നതിന് മുമ്പുള്ള പതിവ് പരിശോധനയ്ക്ക് പുറമേ സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനും ഇതോടൊപ്പം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗം

അതിവേഗ ബൈക്കുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇത്തരം വാഹന ഉപയോഗം കര്‍ശനമായി നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ഇതിലേയ്ക്കായി രക്ഷകര്‍ത്താക്കള്‍, സ്കൂള്‍ അധികൃതര്‍, അധ്യാപകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന റോഡ് സുരക്ഷ ക്ലബുകള്‍ മുഖേന ആവശ്യമായ ബോധവല്‍ക്കരണം നടത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സ്പീഡ് ഗവര്‍ണര്‍

സംസ്ഥാനത്ത് എല്ലാ ബസുകളിലും, ടിപ്പറുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും, എല്ലാ ഹെവി വാഹനങ്ങളിലും സ്പീഡ് ഗവര്‍ണറുകള്‍ 01.04.2006 മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ 1.11.2016 മുതല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ക്വാഡി സൈക്കിളുകള്‍, ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, പൊലീസ് വാഹനങ്ങള്‍, 3500 കി.ഗ്രാമില്‍ താഴെ ജി.വി.ഡബ്ലൂ ഉള്ളതും 9 പേരിലധികം യാത്ര ചെയ്യാനാവില്ലാത്തതുമായ വാഹനങ്ങളൊഴികെ എല്ലാ റ്റ്രാന്‍സ്പോര്‍ട് വാഹനങ്ങളിലും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ലൈസന്‍സ് ടെസ്റ്റിംഗ് സെന്‍ററുകള്‍

ഇലക്റ്റ്രോണിക്‍ യാര്‍ഡ് ഉള്‍പ്പടെ ആധുനിക സാങ്കേതിക സഹായത്തോടെയുള്ള ലൈസന്‍സ് ടെസ്റ്റിംഗ് സെന്‍റര്‍ തിരുവനന്തപുരം മുട്ടത്തറയില്‍ പ്രവര്‍ത്തനക്ഷമമായതോടെ സംസ്ഥാനത്ത് ഇത്തരം യാര്‍ഡുകളുടെ എണ്ണം നാലായി. ഡ്രൈവിംഗ് ടെസ്റ്റിനു അപേക്ഷിക്കുന്നവര്‍ക്ക് ആധുനികരീതിയിലുള്ള ഡ്രൈവിംഗ് പരിശീലനം ലഭ്യമാകണം എന്ന ഉദേശത്തോടെ ടെസ്റ്റിന്റെ രീതി പരിക്ഷ്കരിക്കുകയുണ്ടായി. പ്രസ്തുത ടെസ്റ്റിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ഒന്നാമത്തെ ഘട്ടത്തില്‍ റിവേഴ്സ്ഡ് പാര്‍ക്കിംഗ് ടെസ്റ്റില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേയ്ക്ക് ഓടിച്ച് പാര്‍ക്ക് ചെയ്യണം. രണ്ടാമത്തെ ഘട്ടമായി ഗ്രേഡിയം ടെസ്റ്റില്‍ കയറ്റത്ത് വാഹനം നിര്‍ത്തിയ ശേഷം യാത്ര തുടരണം. മൂന്നാമത്തെ ഘട്ടത്തില്‍, എച്ച് യാര്‍ഡില്‍ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല, പകരം വാഹനത്തിന്റെ കണ്ണാടിയില്‍ കൂടി മാത്രം എച്ച് എടുക്കണം. നിര്‍ദ്ദിഷ്ഠ കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി പൂതിയ ലൈസന്‍സിംഗ് ടെസ്റ്റ് രീതി അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധം ആക്കിയ സ്ഥിതിയ്ക്ക് എല്ലാ ആര്‍.ടി.ഒ/ സബ് ആര്‍.ടി.ഒ ഓഫീസുകളുടെ പരിധിയില്‍ ഇത്തരത്തിലുള്ള യാര്‍ഡുകള്‍ തയ്യാറാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്.

അന്നേ ദിവസം ലൈസന്‍സ്

തിരുവനന്തപുരം ആര്‍.റ്റി ഓഫീസിന്റെ കീഴില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സ് / ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്ന അന്നേദിവസം തന്നെ ലൈസന്‍സ്/ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. മറ്റ് സ്ഥലങ്ങളിലും ഇത് വ്യാപിപ്പിക്കും.

പഴയ വാഹനങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി നികുതി അടയ്ക്കാം

ഓണ്‍ലൈന്‍ സംവിധാനം വഴി എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും നികുതി അടയ്ക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കുവാന്‍ മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നത്. ഇന്റെര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ സ്വന്തം വീട്ടില്‍ ഇരുന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റ് വഴിയും ഇന്റെര്‍നെറ്റ് സംവിധാനം ഇല്ലാത്തവര്‍ക്ക് അക്ഷയ സെന്‍ററുകളും ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടയ്ക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ നികുതി അടച്ചുകഴിഞ്ഞാല്‍ വാഹന ഉടമയ്ക്ക് താല്‍ക്കാലിക രസീത് അപ്പോള്‍ തന്നെ സ്വയം പ്രിന്‍റ് ചെയ്ത് എടുക്കാം അതിനു ശേഷം ബന്ധപ്പെട്ട ഓഫീസില്‍ അനുബന്ധ കാര്യങ്ങള്‍ പരിശോധിച്ച് അംഗീകാരമായിട്ടുണ്ടെങ്കില്‍ നികുതി അടച്ചതിന്റെ ലൈസന്‍സ് (ടാക്സ് ലൈസന്‍സ്) ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് ഏഴ് ദിവസനകം സ്വയം പ്രിന്‍റ് ചെയ്ത് എടുക്കാം.

റോഡ് സേഫ്റ്റി പരിശീലന നടപടികള്‍

2011-2016 കാലഘട്ടത്തില്‍ 6000 ഡ്രൈവിംഗ് സ്കൂള്‍ പരിശീലകര്‍ക്കും, വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനം ഓടിക്കുന്ന 5 ലക്ഷത്തോളം ഡ്രൈവര്‍മാര്‍ക്കും, 20 ലക്ഷത്തോളം പ്രീ-ഡ്രൈവേഴ്സ് ട്രെയിനികള്‍ക്കും, 5 ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമായി റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തിയിട്ടുമ്ട്. ഐ.ഡി.റ്റി.ആര്‍ ഇടപ്പാളില്‍ 3308 ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്കും 1048 ബസ് ഡ്രൈവര്‍മാര്‍ക്കും 4577 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും, അപകട വസ്തുക്കള്‍ വഹിച്ചുകൊണ്ടു പോകുന്ന 52 വാഹന ഡ്രൈവര്‍മാര്‍ക്കും പരിശിലനം നല്‍കിയിട്ടുണ്ട്. ഇവിടെ 14416 പേര്‍ക്ക് പ്രീ-ലേണേഴ്സ് ക്ലാസ്സുകളും 1877 പേര്‍ക്ക് റോഡ് സേഫ്റ്റി ക്ലാസ്സുകളും നടത്തിയിട്ടുണ്ട്.

ജസ്റ്റിസ് ചന്ദ്രശേഖര്‍ ദാസ് കമ്മീഷന്‍ റിപ്പോര്‍ട്

സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിന് നിയോഗിച്ച ജസ്റ്റീസ് ചന്ദ്രശേഖര ദാസ് കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകീകരണം ആവശ്യമാണ്. ഇതിനായി പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ തുടര്‍ നടപടികള്‍ക്കായി അതാതു വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്.

റോഡ് സുരക്ഷ പ്രതിജ്ഞ

ഹെല്‍മറ്റ് ധരിക്കണമെന്ന സന്ദേശം വിവധ മാധ്യമങ്ങളിലൂടെ നല്‍കിയതുവഴി ഇരുചക്ര വാഹനമോടിക്കുന്നവരില്‍ ഭൂരിഭാഗവും സ്വമേധയാ ഹെല്‍മറ്റ് ധരിച്ചുവരുന്നു. അതുപോലെ 2016 സെപ്തംബര്‍ 19-ാം തീയതി എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കുകയുണ്ടായി.

ബി.എസ്.ഫോര്‍ നിലവാരം

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന നാഷണല്‍ പെര്‍മിറ്റ്, അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ ബി.എസ്.-4 നിലവാരം ഉള്ളതായിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്ത് ഒരു കൊല്ലം കഴിഞ്ഞ് മലിനീകരണ നിര്‍മ്മാര്‍ജ്ജന സര്‍ട്ടിഫ്ക്കറ്റ് സൂക്ഷിക്കേണ്ടതുമാണ്. 01.04.2017 ന് ശേഷം ബി.എസ്.- 4 നിലവാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവു എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

30.06.2016 വരെ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശിക ഉള്ള വാഹനങ്ങള്‍ക്ക് 31.03.2017 – വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി അടയ്ക്കാനുള്ള സൗകര്യം നല്‍കുകയുണ്ടായി. റ്റ്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്ക് 5 വര്‍ഷത്തില്‍ കൂടുതല്‍ എത്ര കുടിശിക ഉണ്ടെങ്കിലും അവസാനത്തെ 5 വര്‍ഷത്തെ നികുതിയും അഡീഷണല്‍ ടാക്സും പലിശയും ഉള്‍പ്പടെയുള്ള ആകെ തുകയും 20% മാത്രാണ് നികുതിയായി ഈ പദ്ധതിയില്‍ ഈടാക്കിയത്. നോണ്‍ റ്റ്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്ക് ഇത് 30% ആയിരുന്നു. ഈ വ്യവസ്ഥകള്‍ ആകര്‍ക്ഷമായിരുന്നതിനാല്‍ ധാരാളം പേര്‍ ഈ അവസരം വിനിയോഗിക്കുകയുണ്ടായി. പ്രസ്തുത ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2017 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. 2017 മാര്‍ച്ച് 31 വരെ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

ബസ് ബോഡി കോഡ്

പുതിയ ബസ് ബോഡി കോഡ് നടപ്പാക്കുന്നതിനായി ഗതാഗത വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ കെ.എസ്.ആര്‍.റ്റി.സി., ശ്രീ. ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവയെ സര്‍ട്ടിഫൈ ഏജന്‍സി ആക്കുന്നതിനായി നടപടി സ്വീകരിച്ചു.

കെ.എസ്.ആര്‍.റ്റി.സി./ കെ.യൂ.ആര്‍.ടി.സി

പ്രൊഫ. സുശീല്‍ ഖന്നയുടെ പഠനം
കോര്‍പ്പറേഷന്റെ സാമ്പത്തിക പരാധീനത ഇല്ലാതാക്കി സമഗ്ര രക്ഷാപാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനായി മാനേജ്മെന്‍റ് വിദഗ്ദനായ കൊല്‍ക്കത്ത ഐ.ഐ.റ്റിയിലെ പ്രൊഫ. സുശീല്‍ ഖന്നയെ നിയമിച്ച് അദ്ദേഹത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചില നിഗമനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അതോടൊപ്പം, നഷ്ടത്തില്‍ ഓടുന്ന സെര്‍വീസുകള്‍ പുനക്രമീകരിക്കുന്നത് തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അനധികൃതമായി ഡൂട്ടിയില്‍ റിപ്പോര്‍ട് ചെയ്യാത്ത ജീവനക്കാരോട് ഒരു നിശ്ചിത തീയതിക്കകം റിപ്പോര്‍ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ഇപ്രകാരം റിപ്പോര്‍ട് ചെയ്യാത്തവരെ സെര്‍വീസില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അതുപോലെ സ്വകാര്യ ബസ്സ് സ്വന്തമായുള്ള ജീവനക്കാരുടെ വിവരം ശേഖരിച്ച് സ്വകാര്യ മേഖലയെ സഹായിക്കുക എന്ന പരാതി ഒഴിവാക്കുന്നതിനായി അവരുടെ വാഹനം ഓടുന്ന സ്ഥലത്ത് വരാത്ത രീതിയില്‍ ജോലി സ്ഥലം സംബന്ധിച്ച നിബന്ധനകള്‍ വയ്ക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

പെന്‍ഷന്‍തുക

റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്കാരുടെ പെന്‍ഷന്‍ നല്‍കുന്നതിലേയ്ക്കായി സര്‍ക്കാര്‍ നല്‍കുന്ന വിഹിതം 50% ആയി ഉയര്‍ത്തിയിട്ടുണ്ട്.

പുതിയ ബസുകള്‍ – ബസ്റൂട്ട് പ്രഖ്യാപനം

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏകദേശം 400 ബസുകള്‍ കെ.എസ്.ആര്‍.റ്റി.സി.യും 64 ബസുകള്‍ കെ.യു.ആര്‍.റ്റി.സി.യും നിരത്തിലിറക്കുകയുണ്ടായി ഓടാതെ കിടന്നിരുന്ന സ്കാനിയ ബസുകള്‍ നിരത്തിലിറക്കി സെര്‍വീസ് നടന്നു വരുന്നു. കിഫ്ബിയുടെ ധന സഹായത്തോടെ സി.എന്‍.ജി ബസുകള്‍ ഇറക്കണമെന്ന ബഡ്ജറ്റ് പ്രഖ്യപനവും ഉണ്ടായിട്ടുണ്ട്. എറണാകുളം കേന്ദ്രമാക്കി 1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കുന്നതിന് 300 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് കോര്‍പ്പറേഷന് വായ്പയായി ലഭ്യമാക്കുമെന്നും നടപ്പു വര്‍ഷം 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവെന്നും, വാങ്ങിയിരിക്കുന്ന ചെയ്സുകളില്‍ ബോഡി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഇറക്കുന്നതിന് വേണ്ടി വരുന്ന മൂലധന ചിലവും ഇതില്‍ നിന്ന് കണ്ടെത്തുമെന്നും ഈ വര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനമുണ്ട്.

നിയമനം

സാമ്പത്തിക പരാധീനതയ്ക്കിടയിലും ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1077 പേരെ നിയമിക്കുകയുണ്ടായി 61 പേര്‍ക്ക് ആശ്രത നിയമനവും നല്‍കി.

യാത്രാ കാര്‍ഡുകള്‍

സ്ഥിര യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം നിശ്ചിത തുകയ്ക്കുള്ള യാത്രാകാര്‍ഡുകള്‍ ഏര്‍പ്പെടുത്തി.

പിങ്ക് സെര്‍വീസുകള്‍

സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി തിരുവന്തപുരം നഗരത്തില്‍ പിങ്ക് സെര്‍വീസ് എന്ന പേരില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബസ് സെര്‍വീസ് ആരംഭിക്കുകയുണ്ടായി. ഇത് ലാഭകരമാകുന്ന പക്ഷം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതാണ്.

ശബരി സെര്‍വീസ്

ഇക്കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ സൗകര്യങ്ങളോടെ പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങിലേയ്ക്ക് നോണ്‍-സ്റ്റോപ് പരിമിധപ്പെടുത്തി ശബരി എന്ന പേരില്‍ ബസ്സുകള്‍ ഓടിക്കുകയുണ്ടായി.

മിന്നല്‍ സെര്‍വീസ്

റെയില്‍വേ സൗകര്യം ഇല്ലാത്ത പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി മിന്നല്‍ സെര്‍വീസ് എന്ന പേരില്‍ ഉടനടി ആരംഭിക്കുന്നതാണ്.

ക്ലീന്‍ കെ.എസ്.ആര്‍.റ്റി.സി. ഗ്രീന്‍ കെ.എസ്.ആര്‍.റ്റി.സി.

സന്നന്ധ സേവന തല്‍പരരായ പൊതുജനങ്ങളെയും ജീവനക്കരെയും ഏകോപിപ്പിച്ച് ഡിപ്പോകള്‍ ശൂശ്ചീകരിക്കുന്നതിനും മാലിന്യങ്ങള്‍ നീക്കി പുന്തോട്ടം വയ്കുന്നതിനും നെയ്യാറ്റിന്‍കരയില്‍ തുടക്കം കുറിക്കുകയുണ്ടായി. എല്ലാ യൂണിറ്റുകളിലും ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.

ബയോ-ഡീസല്‍

ബയോ-ഡീസല്‍ ഉപയോഗിച്ച് ബസ് ഓടിക്കുന്ന പദ്ധതി തൊട്ടില്‍പാലം, തലശ്ശേരി എന്നി ഡിപ്പോകളില്‍ നടത്തി.

സൈബര്‍ സന്നദ്ധ സേന

കെ.എസ്.ആര്‍.റ്റി.സി. യുടെ തനതായ സേവനങ്ങളും വാര്‍ത്തകളും പൊതുജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ യൂണിറ്റില്‍ നിന്നും ഓരോ സൈബര്‍ സന്നദ്ധ പ്രവര്‍ത്തകനെ നിയമിച്ച് വാര്‍ത്തകള്‍ ശേഖരിച്ച് നവ മാധ്യമങ്ങളില്‍ നല്‍കുന്നതിന് തുടക്കമായിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ക്രിയത്മകമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നതും ഈ സൈബര്‍ സേനയുടെ ലക്ഷ്യമാണ്.

ജലസംരക്ഷണ പ്രചരണം

ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ച് എല്ലാ ജിലയിലും ഓരോ വണ്ടിയില്‍ ജല സംരക്ഷണത്തെക്കുറിച്ചുള്ള പരസ്യങ്ങളും, ലഘു ലേഖകളും ബസുകളില്‍ സജ്ജമാക്കിക്കൊണ്ടുള്ള ബസ്സുകള്‍ ഇറക്കുകയുണ്ടായി.

കേരള റോഡ് സുരക്ഷാ അതോറിട്ടി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അതോറിട്ടിയുടെ യോഗം വിളിച്ചു ചേര്‍ക്കുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്തതിനുള്ള കുടിശിക തുക നല്‍കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. റോഡ് സുരക്ഷാ പദ്ധതികള്‍ഡ നടപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നീ വകുപ്പുകലുമായി ചേര്‍ന്നു കൊണ്ട് റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കി. ശബരി മല തീര്‍ത്ഥാടന കാലത്ത് ശബരിമല സേവ് സോണ്‍ എന്ന പദ്ധതി നതപ്പിലാക്കുകയും അവയിലൂടെ കാനനവീഥിയല്‍ വാഹന അപകടങ്ങള്‍ വളരെ ഏറെ കുറയ്ക്കുകയും ഉണ്ടായി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് വൈദ്യക്ത്യം നേടിയവരെ 5 തസ്തികളിലേക്കുള്ള നിയമനം ഉടന്‍ തന്നെ നടത്തുന്നതാണ്.
ജലഗതാഗത വകുപ്പ്

സോളാര്‍ ബോട്ട്

സൗരോര്‍ജ്ജ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വലിയ ബോട്ട് ആയ ആദിത്യ വിജയകരമായി സെര്‍വീസ് നടത്തി വരുന്നു. ഈ സംരഭത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഇത്തരം കൂടുതല്‍ ബോട്ടുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നു.

കറ്റമറൈന്‍ ബോട്ടുകള്‍

ഇപ്പോള്‍ സെര്‍വീസിലുള്ള വളരെ പഴയ ബോട്ടുകള്‍ മാറ്റി 9 കറ്റമറൈന്‍ ബോട്ടുകള്‍ ഉടന്‍ തന്നെ സെര്‍വീസ് ആരംഭിക്കുന്നതാണ് അതില്‍ രണ്ടെണ്ണം വിനോദസഞ്ചാര പ്രാധാന്യമുള്ള റൂട്ടിലാണ് സെര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ആംബുലന്‍സ് റെസ്ക്യൂ ബോട്ടുകള്‍

5 ആംബുലന്‍സ് റെസ്ക്യൂ ബോട്ടുകളുടെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു ഉടന്‍ തന്നെ സെര്‍വീസ് ആരംഭിക്കും.

ആലപ്പുഴ ഡ്രൈ ഡോക്‍

ആലപ്പുഴ ഡ്രൈ ഡോക്കിന്റെ രണ്ടാം ഘട്ട ജോലികള്‍ പൂര്‍ത്തീകരിച്ചുവരുന്നു.

പയ്യന്നൂര്‍ സ്ലിപ് വേ

പയ്യന്നൂര്‍ സ്ലിപ് വേയുടെ രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ ആരംഭിക്കത്തരീതിയിലുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജ്

കേന്ദ്ര മോട്ടേര്‍ വാഹന നിയമപ്രകാരം ബസ് ബോഡി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള സ്ഥാപനമായി ശ്രീചിത്രാ എഞ്ചിനീയറിംഗ് കോളെജിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിനാവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.

ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും നിയമാവലിക്കനുസൃതമായി ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമും മറ്റ് പഠന കാര്യങ്ങളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കോളെജിന്റെ ഗാതഗത വകുപ്പ് മന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെ.റ്റി.ഡി.എഫ്.സി

കെ.റ്റി.ഡി.എഫ്.സിയുടെ ലാഭ വിഹിതമായി 2.19 കോടി രൂപ 2017 ജനുവരി മാസം സംസ്ഥാന സര്‍ക്കാരിനു നല്‍കുകയുണ്ടായി.

അങ്കമാലി പണി തീര്‍ത്ത ബസ് ടെര്‍മിനല്‍ കോംപ്ലക്സിലെ കുറെ വാണിജ്യ സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കി കഴിഞ്ഞു ബാക്കി ഉള്ളവയിലേയ്ക്കായി റ്റെന്‍ഡര്‍ നടപടി അവസാനല ഘട്ടത്തിലാണ്. തമ്പാനൂരിലെ ഷോപ്പിംഗ് കോംപ്ലെക്ക്സില്‍ നഗരത്തിലെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിശ്ചിത വടയ്ക്ക് പ്രവര്‍ത്തിപ്പിച്ചുകൊള്ളാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് കോംപ്ലക്സിന്റെ റ്റെന്‍ഡറുമായി ബന്ധപ്പെട്ട കോടതി വിധി സംബന്ധിച്ച് തുടര്‍ നടപടികള്‍ കൈക്കൊണ്ടു വരുന്നു.

തിരുവല്ല കോംപ്ലകിലെയും റ്റെന്‍ഡര്‍ നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം ടാഗോര്‍ തീയേറ്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ കെ.റ്റി.ഡി.എഫ്.സി ഏറ്റെടുത്ത് പണികള്‍ പൂര്‍ത്തീകരിച്ച് നല്‍കി.

എറണാകുളത്ത് പൊലീസ് കോംപ്ലക്സ് ബി.ഓ.റ്റി അടിസ്ഥാനത്തില്‍ പണിയുന്നതിനായുള്ള പദ്ധതി ആവിഷ്കരിച്ചുവരുന്നു.

ഇലക്റ്റ്രിക്‍ ഓട്ടോറിക്ഷകള്‍ തുടങ്ങിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി സ്ത്രീകള്‍ക്കായി പ്രത്യേകം വായ്പാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഓട്ടോറിക്ഷയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മുറയ്ക്ക്, സ്ത്രീകള്‍ ഈ വായ്പ എടുക്കുമെന്ന് കരുതുന്നു. ആകര്‍ഷകമായ വ്യവസ്ഥകളിലുള്ള വ്യക്തിഗതവായ്പയും ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള വായ്പയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രയോജനപ്പെടുത്തിവരുന്നു.