കഠിനമായികൊണ്ടിരിക്കുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ സാമൂഹ്യ ബോധവത്കരണം ലക്ഷ്യമാക്കി സംസ്ഥാനത്തുടനീളം നിരത്തിലിറങ്ങുന്ന സന്ദേശവാഹിനി ബസുകളുടെ ഫ്‌ളാഗ് ഓഫ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിനുമുന്നില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഗതാഗത മന്ത്രി തോമസ് ചാണ്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ റവന്യൂ വകുപ്പാണ് വരള്‍ച്ചാ പ്രതിരോധ സന്ദേശവാഹിനി ബസുകള്‍ തയ്യാറാക്കിയത്. ജലത്തെ ബഹുമാനിക്കൂ, വരള്‍ച്ചയെ പ്രതിരോധിക്കൂ എന്ന സന്ദേശം മുന്‍നിര്‍ത്തി ദീര്‍ഘകാല ആശയപ്രചാരണം ലക്ഷ്യംവച്ചാണ് ബസുകള്‍ ഗ്രാമ, നഗരങ്ങളിലേക്ക് വിടുന്നത്. റവന്യൂ വകുപ്പിനു കീഴിലുളള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കെ.എസ്.ആര്‍ടി.സി. യും ചേര്‍ന്നാണ് ബസിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ആദ്യഘട്ടമായി 15 ദീര്‍ഘദൂര സര്‍വീസുകളാണ് ജല സംരക്ഷണ സന്ദേശവുമായി സര്‍വീസ് നടത്തുക. ജലത്തെ പ്രതിനിധീകരിക്കുന്ന നീലയും പച്ചയും കലര്‍ന്ന നിറമാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. ജലസംരക്ഷണത്തിനും ജല ദുരുപയോഗം തടയാനും വരള്‍ച്ചയെ പ്രതിരോധിക്കാനുമുള്ള സന്ദേശങ്ങള്‍ വാഹനങ്ങളില്‍ പതിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ എടപ്പാള്‍ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലാണ് ബസ് ബോഡി അണിയിച്ചൊരുക്കിയത്. ലഘുലേഖനങ്ങളും പോസ്റ്ററുകളും ഇതര പ്രചാരണ സാമഗ്രികളും ബസില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കും. ചടങ്ങില്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.1444/17